famous script writer john poaul passed away.

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ സിനിമ.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *