വിശ്വസുന്ദരി മത്സരത്തില്‍ അഭിമാനമായി മിസ് ഇന്ത്യ അഡ്‌ലിന്‍ കാസ്റ്റലിനോ

മിസ് യൂണിവേഴ്‌സ് മത്സര വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. മിസ് മെക്‌സിക്കോ
ആന്‍ഡ്രിയ മെസയാണ് വിശ്വസുന്ദരി പട്ടം നേടിയിരിക്കുന്നത്. മിസ് യൂണിവേഴ്‌സ്
വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. മത്സരത്തില്‍
അവസാന നാലില്‍ ഇടം നേടാന്‍ മിസ് ഇന്ത്യ അഡ്‌ലിന്‍ ക്വാഡ്രോസ് കാസ്‌റ്റെലിനോയ്ക്കും
സാധിച്ചു. മിസ് ബ്രസീല്‍ രണ്ടാമതും മിസ് പെറും മുന്നാമതും എത്തിയപ്പോഴാണ് മിസ്
ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.
മികച്ച പ്രകടനമായിരുന്നു അഡ്‌ലിന്‍ മത്സരത്തില്‍ കാഴ്ചവച്ചത്. സോഷ്യല്‍
മീഡിയയിലെങ്ങും തങ്ങള്‍ക്ക് അഭിമാനമായി മാറിയ സുന്ദരിയ്ക്ക് ഇന്ത്യ അഭിനന്ദനം
അറിയിക്കുകയാണ്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ചോദ്യോത്തര വേളയില്‍
അഡ്‌ലിന്‍ നല്‍കിയ മറുപടികള്‍ കൈയ്യടി നേടുന്നതായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക്
ദോഷമാകുന്നതിനെ കുറിച്ചായിരുന്നു അഡ്‌ലിനോട് ചോദിച്ചത്. ഇതിന് സുന്ദരി നല്‍കിയ
മറുപടി കൈയ്യടി നേടുകയാണ്.


ഇന്ത്യയില്‍ നിന്നും വരുന്നയാള്‍ എന്ന നിലയില്‍, എന്റെ രാജ്യം ഇപ്പോള്‍
അനുഭവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത്
പ്രിയപ്പെട്ടവരുടെ ജീവനാണ്. സമ്പദ് വ്യവസ്ഥയും ആരോഗ്യവും തമ്മിലൊരു ബാലന്‍സ്
വേണം. അത് ജനങ്ങളും സര്‍ക്കാരും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോഴാണ്
സാധ്യമാകുന്നതെന്നായിരുന്നു ആ ചോദ്യത്തിന് അഡ്‌ലിന്‍ നല്‍കിയ മറുപടി.
അവസാന റൗണ്ടില്‍ അഡ്‌ലിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടതാകട്ടെ അഭിപ്രായ
സ്വാതന്ത്ര്യത്തേയും പ്രതിഷേധിക്കാനുള്ള അവകാശത്തെ കുറിച്ചുമായിരുന്നു. ഇതിന്
അഡ്‌ലിന്‍ മറുപടി നല്‍കിയത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി
നടത്തിയിട്ടുള്ള സമരങ്ങളെ കുറിച്ചുള്ളതായിരുന്നു.
നമ്മള്‍ ഒരുപാട് പ്രതിഷേധങ്ങളും സമരങ്ങളും കണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുല്യ
അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ നടത്തിവരുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാണിക്കാന്‍
ആഗ്രഹിക്കുന്നു. ഇന്നും അവ നമുക്ക് നേടാനായിട്ടില്ല. അസമത്വത്തിനെതിരെ
ശബ്ദമുയര്‍ത്താനുള്ള അവകാശമാണ് പ്രതിഷേധമായി മാറുന്നത്. ഏതൊരു
ജനാധിപത്യത്തിലും ന്യൂനപക്ഷത്തിന് ശബ്ദമുയര്‍ത്താനുള്ള അവകാശം നല്‍കുന്നു.
അതിനാല്‍ പ്രതിഷേധിക്കാനുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. എന്നായിരുന്നു
അഡ്‌ലിന്‍ നല്‍കിയ മറുപടി.
കുവൈത്തിലായിരുന്നു അഡ്‌ലിന്റെ ജനനം. പിന്നീട് ഇന്ത്യയിലേക്ക് പഠനത്തിനും
ജോലിയ്ക്കുമായി താമസം മാറ്റുകയായിരുന്നു. ഉഡുപ്പി സ്വദേശികളാണ് അഡ്‌ലിന്റെ
മാതാപിതാക്കള്‍. മുംബൈയിലാണ് പഠിച്ചത്. വെല്‍ഫെയര്‍ രംഗത്ത് ജോലി
ചെയ്തുവരികയാണ് അഡ്‌ലിന്‍. മാതൃഭാഷയായ കൊങ്കിണിയ്ക്ക് പുറമെ ഹിന്ദിയും

കന്നഡയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാന്‍ ഈ സുന്ദരിയ്ക്ക് അറിയാം.
എല്‍ജിബിറ്റി സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അഡ്‌ലിന്‍ സജീവ
സാന്നിധ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *